2011, മേയ് 28, ശനിയാഴ്‌ച

ചാവുന്പോളെങ്കിലും ചമഞ്ഞ് കിടക്കണം


എന്തോ ഒരു മുരള്ച്ച കേട്ട ജോസ്നിദ്രക്ക് ഭംഗം വന്ന നീരസത്തോടെ ഒന്നു തിരിഞ്ഞുകിടന്നു. നായയുടെ മുരള്ച്ചയാണല്ലൊ അത്. പരിസരത്തൊന്നും ഒരു നായയെ പോലും ഇതു വരെ കണ്ടിട്ടില്ലെന്നോറ്ത്തപ്പോളാണ് അയാള് ശബ്ദം എവിടുന്നാണ് വരുന്നതെന്ന് ഒന്നുകൂടി ശ്രദ്ധിച്ചത്. മേശപ്പുറത്ത് സൈലന്റിലാക്കിവച്ച മൊബൈലിന്റെ വൈബ്രേഷന് ഉണ്ടാക്കുന്ന സ്വരമാണെന്ന് അപ്പോഴാണ് മനസ്സിലായത്.
ആരെയൊക്കെയാ പ്രാകിക്കൊണ്ട് അയാള് ഫോണ് എടുത്തുനോക്കി. സിസിലിയുടേതാണ്. അപ്പച്ചനെ പരിചരിക്കാനാക്കിയ ഹോം നേഴ്സാണ് സിസിലി. ഇവളെന്താ ഈ നേരത്തെന്ന് ആത്മഗതം ചെയ്തുകൊണ്ട് ബട്ടനമറ്ത്തി.
ഹലൊ, അവളുടെ സ്വരം പരിഭ്രമത്തിലായിരുന്നു.
ഉം, എപ്പഴാ, ഇതാ ഞാനിപ്പൊ പുറപ്പെടുകയാണ്.
അയാള് വാച്ചിലേക്കുനോക്കി. സമയം ഒരുമണിയായതേയുള്ളു
അപ്പോഴും പുതപ്പിനകത്ത് തന്നെ കിടന്നിരുന്ന ഭാര്യ മേഴ്സിയെ വിളിച്ചുണറ്ത്തികാര്യം പറഞ്ഞു. ഈ സമയത്താണല്ലോ അത് സംഭവിച്ചതെന്ന ഒരു ഭാവം മേഴ്സിയുടെ മുഖത്തുനിന്നും വായിച്ചെടുക്കാം. ഒരുമണിക്കൂറിനകം ഒരുക്കങ്ങളെല്ലാം പൂറ്ത്തിയാക്കി അവറ് ധൃതിയില് പുറത്തേക്കിറങ്ങി.
പുലറ്ച്ചെ നാലു മണിയായിരുന്നു അവരവിടെ എത്തുന്പോള്.
സിസിലിയെ കൂടാതെ അടുത്ത വീടുകളിലെ ഒന്നുരണ്ടുപേരും അവിടെ ഉണ്ടായിരുന്നു.
മുറിക്കകത്ത് കട്ടിലില് നീണ്ടു നിവറ്ന്നു കിടക്കുന്ന അപ്പനെ അയാളൊന്നു നോക്കി.
പാതി തുറന്നുകിടക്കുന്ന വായും , ഉന്തി നില്ക്കുന്ന പല്ലുകളുംഅയാളില് വല്ലാത്തൊരു വികാരമാണുണ്ടാക്കിയത്.
അടുത്ത് നില്ക്കുന്ന ഭാര്യയേയും അയാളൊന്നു നോക്കി. അവളുടെ മുഖത്തും ഒരു വല്ലായ്മ പ്രകടമായിരുന്നു.
രണ്ടു പേരുടേയും ഓഫീസില് നിന്നും മറ്റും എത്ര ആളുകള് വരാനുള്ളതാ . അപ്പന്റെ സൗന്ദര്യ ബോധമില്ലാതെയുള്ള ഈ കിടപ്പ് കണ്ടാല് അവരുടെ മുന്പില് തങ്ങള് ചെറുതായിപോകുമോ എന്ന ആധി അവരെ വല്ലാതെ അലട്ടി
അല്പനേരം അതേ നില്പ്പ് നിന്ന അവ രെന്തോ അടക്കം പറഞ്ഞതും മേഴ്സി മൊബൈലില് ആരെയോ വിളിച്ചു.
ഹലോ, സൂസിയല്ലെ,
ഉടനെ ഇങ്ങോട്ടൊന്നു വരണം.
അതൊന്നുമില്ല, എന്നാലും ഫേഷ്യലിനും മറ്റുമുള്ള എല്ലാ സാധനങ്ങളും കരുതണം. ഒട്ടും വൈകരുത്. വെളിച്ചം വെക്കുന്പോളത്തിന് ചെയ്തു തീറ്ക്കാനുള്ളതാണ്.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ